പി. കെ സജീവൻ എഴുതിയ " ശബരിമല അയ്യപ്പൻ മലയരയരുടെ ദൈവം" എന്ന പുസ്തകം ഇന്നത്തെ കേരളത്തിനോടുള്ള ഒരു തുറന്നുപറച്ചിൽ ആണെന്ന് ഞാൻ മനസിലാക്കുന്നു. കാരണം പുരോഗമനം ഉന്നതിയിൽ എത്തിനിൽക്കുന്നു എന്ന് വാദിക്കുന്ന കേരളത്തിൽ ഇന്നും പെണ്ണിന്റെ സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പ് എവിടെയാണെന്ന് എന്നതിലുള്ള ചർച്ചകൾ നടക്കുകയാണ്. അത്തരത്തിലുള്ള സാഹചര്യത്തിൽ പെണ്ണിന്റെ സ്വാതന്ത്ര്യം മാത്രം അല്ല വിഷയം ആകുന്നത്. സവർണരും അവർണരും അവരുടെ ആരാധന സ്വാതന്ത്ര്യവും കൈവശവകാശ സ്വാതന്ത്ര്യവും എല്ലാം തന്നെ ചർച്ചകൾക്ക് അധിഷ്ഠിതമാണ്.
കേരളത്തിൽ നിലനിന്നിരുന്ന പല ആചാരങ്ങളും അനാചാരങ്ങളിൽ ഉൾപെടുത്തിയ ഒന്നിലധികം സമരങ്ങൾ നടന്ന് ആണ്ടുകൾ കഴിഞ്ഞ നമ്മുടെ മണ്ണിൽ നീതിക്ക് വേണ്ടി ഒരു സമൂഹം അലയേണ്ടി വരുന്നു എന്നത് വലിയ വിരോധാഭാസമാണ്. നമ്മുടെ സമൂഹത്തിന്റെ വ്യവസ്ഥിതി അനുസരിച് അവർണ്ണന്റെ മൂർത്തിക്ക് കാട്ടിലും സവർണ്ണന്റെ മൂർത്തിക്ക് നാട്ടിലും പട്ടിലും ആണല്ലോ സ്ഥാനം. അവർണർക്കുള്ള അവകാശം വെള്ളത്തിൽ വരച്ച വര പോലെയിരിക്കും എന്നതാണ് സത്യം. സുപ്രീംകോടതി വിധിയെത്തുടർന്ന് ഋതുമതികളായ യുവതികൾക്ക് അവിടെ പ്രവേശനം അനുവദിച്ചതും, അതിനെതിരേ തങ്ങൾ ആരാധിക്കുന്ന ദേവന്റെ ബ്രഹ്മചര്യം സംരക്ഷിക്കാൻ ഭക്തർ എന്ന് അവകാശപ്പെടുന്നവർ തെരുവിലിറങ്ങി പ്രശ്നങ്ങൾ ഉണ്ടാക്കിയതും നവോത്ഥാനം നിലനിർത്താൻ ഇടതുപക്ഷ സർക്കാർ മതിലുപണിഞ്ഞതുമൊന്നും നാം അത്രവേഗം മറക്കാൻ സാദ്ധ്യതയില്ല. ഖജനാവ് നിറക്കുന്നതിനായി മൂർത്തിയുടെ അവകാശികളെ വെറും പിന്നോക്കക്കാരായി മാത്രം ചിത്രീകരിക്കുകയാണ് ഇവിടെ. പൊതുസമൂഹത്തിന് തൃപ്തിയില്ലാത്ത കാഴ്ചപ്പാട് ഉയർന്ന് വന്നത് കൊണ്ടാവണം ആ വിഷയത്തിന് വലിയ പ്രാധാന്യം ലഭിക്കാതിരുന്നത്. എന്നാൽ ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ അയ്യപ്പന്റെ ബ്രഹ്മചര്യത്തിനേക്കാളുപരി, മൂർത്തിയുടെ ഉത്ഭവവും വളർച്ചയുമാണ് ചർച്ച ചെയ്യപ്പെടേണ്ടതെന്നു തോന്നി. അതിന് പിന്നിലെ യഥാർത്ഥ ചരിത്രം എന്താണെന്ന് അറിയേണ്ടതാണ് ആവശ്യം എന്ന് തോന്നുന്നു. ചരിത്രങ്ങൾ വളച്ചൊടിക്കപ്പെടുന്ന നമ്മുടെ നാട്ടിൽ ചരിത്രം നേരെ ചൊല്ലാൻ ആർക്കാണ് ധൈര്യം….? മനുസ്മൃതി എഴുതിയതും വ്യാപിപ്പിച്ചതും ബ്രഹ്മണന്മാർ തന്നെ ആയതിനാലും, ബ്രിട്ടീഷ് പടുത്തുയർത്തിയ സ്ഥാപനം ആയ ഹിന്ദുവിനെ നിലനിർത്താൻ പൂണൂൽ ധരിച്ചവർ വേണ്ടതിനാലും പല ഗോത്രദേവന്മാരും ഏക്കർക്കണക്കിന് ഉള്ള മണ്ണിന്റെ അധിപൻ ആയി മാറി എന്നുള്ളതാണ്. അതുതന്നെയാണ് ശബരിമലയിലും സംഭവിച്ചത്. മലയരയരുടെ അയ്യപ്പൻ ഹരിഹരസുതനായ ധർമ്മശാസ്താവായി ശബരിമലയിൽ ഉപവിഷ്ടനായി; മലയരയർ പുറത്തുമായി. മറവപ്പട (ചോളസൈന്യമാണെന്ന് പി. കെ സജീവൻ വാദിക്കുന്നു) കാട് ഭരിച്ചിരുന്ന ആയ് രാജ്യവംശത്തെ ആക്രമിച്ചപ്പോൾ അവർക്കെതിരെ പൊരുതിയ വ്യക്തിയാണ് മലയരയ ഐതിഹ്യങ്ങളിൽ പറയുന്ന അയ്യപ്പൻ. മറവപ്പടയെ തോൽപ്പിച്ച ശേഷം അയ്യപ്പൻ ശബരിമലയിൽ സമാധിയാവുകയായിരുന്നു. 1921ൽ എഴുതിയ "ഭൂതനാഥോപാഖ്യാനം" എന്ന സംസ്‌കൃത ഗ്രന്ഥത്തിലാണ് ശിവന്റെയും മഹാവിഷ്ണുവിന്റെയും പുത്രനായ മണികണ്ഠന്റെ ജനനകഥ വിവരിക്കുന്നത്. ഇത് ചരിത്രമാണെന്ന് വിശ്വസിക്കാൻ പറ്റില്ല. മിത്തായി കണക്കാക്കുകയാണെകിൽ പ്രധാനപെട്ട പുരാണങ്ങളിൽ ഒന്നും തന്നെ അയ്യപ്പനെ കുറിച്ച് പരാമർശിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ശബരിമലയിലെ വിഷയം ഒരു കടന്നുകയറ്റം ആണെന്ന് പറയാവുന്നതാണ്. തേൻ അഭിഷേകം, മകരജ്യോതി തെളിയിക്കൽ മുതലായ ആചാര അവകാശങ്ങൾ മാറ്റപ്പെട്ടതും ഇടകാലങ്ങളിൽ ക്ഷേത്രം കത്തിയതും എല്ലാം ദ്രാവിഡരെ അരികുവൽക്കരിക്കാൻ മാത്രം നടന്ന പ്രഹസനങ്ങൾ ആയിരുന്നു എന്ന് എഴുതുക്കാരൻ തെളിവോട് കൂടി വാദിക്കുന്നു. അതുപോലെ ചില സഞ്ചാരയാത്രകർ എഴുതിയ പുസ്തകങ്ങളിലെ പരാമർശങ്ങൾ പി. കെയുടെ വാദങ്ങൾ ശരിവെക്കുന്നതാണ്
ക്ഷേത്രങ്ങൾ പലതും കത്തിയമർന്നാൽ തന്നെ ഒരുപാട് അനാചാരങ്ങൾ ഇല്ലാതാകും എന്ന് പറയുന്ന പോലെ, വിശ്വാസം ഒരു ബിസിനസ് ആവരുതെന്നും വിശ്വാസം ആരെയും വ്യക്തിഹത്യക്ക് കാരണം ആവരുത് എന്നും ആണ് ഈ പുസ്തകം വായിച്ചതിൽ പിന്നെ ഞാൻ മനസിലാക്കുന്നത്.
Comments
Post a Comment