പ്രണയം ഏറ്റവും വലിയ വേദന ആയത് വിശപ്പിന്റെ വേദനയെ കുറിച്ച് എഴുതാൻ ആളില്ലാത്തത് കൊണ്ടാണ് എന്നാണല്ലോ പറയുന്നത്. ശരിയല്ലേ...? വിശന്നാൽ നീ നീയല്ലാതെ ആവും എന്ന് പരസ്യം പറയുമ്പോൾ നാം ചിരിക്കും. പക്ഷെ വിശപ്പ് അറിയുന്നവർക്കേ ഭക്ഷണത്തിന്റെ വിലയറിയൂ. പലപ്പോഴും ഉപ്പില്ല, പുളിയില്ല, രുചിയില്ല, ഒരു മുടിനാര് കണ്ടു എന്നൊക്കെ പറഞ്ഞ് വലിച്ചെറിയുന്ന ഭക്ഷണത്തിന് പിന്നിൽ ഒരുപാട് പേരുടെ വിയർപ്പുണ്ട്. ഇതെല്ലാം ഒന്ന് ഓർക്കുന്നതിൽ തെറ്റില്ല.
ഇനി മറ്റൊന്ന് കൂടി സൂചിപ്പിക്കാം. ലോക പട്ടിണി സൂചികയിൽ ഇന്ത്യ നൂറ്റിയേഴാമത് സ്ഥാനത്തേക്ക് എത്തിയിരിക്കുന്നു. നൂറ്റിയൊന്നാം സ്ഥാനത്ത് നിന്നാണ് വീണ്ടും താഴേക്ക് വന്നിരിക്കുന്നത്. ഈ സൂചിക മുന്നോട്ട് വയ്ക്കുന്നത് പടിപടിയായി ഇന്ത്യ പിന്നോട്ട് പോവുന്നു എന്നതാണ്. ഏഷ്യയിൽ നൂറ്റിയൊൻപതാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാൻ മാത്രമാണ് ഇന്ത്യക്ക് പിന്നിൽ ഉള്ളത്. പലവിധത്തിൽ പല മേഖലകളിലേക്കായി സഹായങ്ങൾ ചെയ്തിരുന്ന ഇന്ത്യയെക്കാൾ മുന്നിൽ 99, 84, 64, 81 സ്ഥാനങ്ങളിൽ ആയി അയൽരാജ്യങ്ങൾ നിലനിൽക്കുന്നു. ഇന്ത്യയിൽ വർധിച്ചു വരുന്ന പോഷകാഹാരക്കുറവ്, പട്ടിണി, കുട്ടികളിലെ തൂക്കകുറവ്, വളർച്ച മുരടിപ്പ് എന്നിവയാണ് സൂചികക്ക് പിന്നിലെ കാരണങ്ങൾ. കൊവിഡ് കാലത്തെ ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തിയെന്നും, ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി വ്യാപകമായി പ്രവർത്തനങ്ങൾ നടത്തിയെന്നുള്ള കേന്ദ്രസർക്കാരിന്റെ വാദങ്ങൾ ഈ സൂചികയ്ക്ക് മുന്നിൽ ഒരു പ്രഹസനമായി മാറിയിരിക്കുന്നു. ഡിജിറ്റൽ ഇന്ത്യയിൽ മതിൽ കെട്ടികൊണ്ടാണല്ലോ വികസനത്തിന്റെ വഴികൾ പുറം ലോകത്തിന് തുറന്ന് കാണിക്കുന്നത്. ശതകോടിശ്വരുടെ വളർച്ചയിൽ തലകുത്തി വീണത് കൊണ്ടാവണം കരാർ കണക്കിന് പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത്. നല്ല മുഖം ഇല്ലാതാക്കാനുള്ള സൂചികയാണ് ഇതെന്നുള്ള സർക്കാരിന്റെ പ്രതികരണത്തിൽ നിന്നുകൊണ്ട് തന്നെ പറയാം ഇത്തരം വീഴ്ചകളിൽ നിന്ന് കയറിപ്പറ്റുക എന്നത് എളുപ്പമല്ല. കൃത്യമായ പഠനത്തിലൂടെയും വിശകലന പ്രവർത്തനത്തിലൂടെയും സാധ്യമാവുന്ന ഒന്നാണത്. പൗരൻമാർക്ക് വിദ്യാഭ്യാസം നൽകികൊണ്ട്, തൊഴിലില്ലായ്മ ഇല്ലാതാക്കികൊണ്ട്, കൃത്യമായ സംവരണം ഏർപ്പെടുത്തി, സ്ത്രീ ശാക്തീകരണം നടപ്പിലാക്കിയെല്ലാം മുന്നോട്ട് പോവേണ്ടതുണ്ട്.
Comments
Post a Comment